കടിയങ്ങാട് : സ്വകാര്യ ബസുകളുടെ അമിതവേഗത തുടരുന്നു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ടിപ്പറിന് പുറകില്‍ ബസ് ഇടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎല്‍ 56 എം 8199 എസ്സാര്‍ ബസ് ടിപ്പറിന് പുറകില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോട് കൂടി കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമായതാണെങ്കിലും അപകടം ഭീകരമാണ്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് താഴെവീണ സ്ഥിതിയിലാണ്. മുന്നിലെ ഡ്രൈവറിന് സമീപമുള്ള സീറ്റ് ഇടിയുടെ ആഘാതത്തില്‍ പറിഞ്ഞ് പുറത്തേക്ക് വീണ സ്ഥിതിയിലുമാണ്.

ഈ റൂട്ടിലൂടെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടമുണ്ടാക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ചെറിയ വാഹനങ്ങളുടെയും കാല്‍നട യാത്രക്കാരുടെയും ജീവന് ഭീഷണിയായിരിക്കുകയാണ്. ഇതില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും ആര്‍ടിഒയും നിര്‍ബന്ധമായും ഇടപെടണമെന്നും ബസ്സുകളുടെ സമയം ക്രമീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നിരവധി അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ലെന്നും പരിശോധനകള്‍ വെറും പ്രഹസനം മാത്രമാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുമായുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കല്ലോട് എല്‍പി സ്‌കൂളിന് സമീപത്ത് വെച്ച് പേരാമ്പ്ര ഹൈസ്‌കൂള്‍ ബസ്സിന്റെ പുറകില്‍ സ്വകാര്യ ബസ് ഇടച്ച് അപകടം ഉണ്ടായിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
Accident after bus hits the back of a tipper in Kadiyangad