ചക്കിട്ടപാറ: ലക്ഷക്കണക്കിനു രൂപ വകയിരുത്തി 2022 ല്‍ നവീകരിച്ച് ഉദ്ഘാടനം ചെയ്ത ചക്കിട്ടപാറ പഞ്ചായത്ത് പൊതു ശൗചാലയം മാസങ്ങളായി ഇരുമ്പ് ഗ്രില്‍സിട്ട് പൂട്ടിയ നിലയില്‍. മാലിന്യ മുക്ത നവ കേരളം പദ്ധതിയില്‍ 2025 മാര്‍ച്ച് 24 ന് ചക്കിട്ടപാറ സമ്പൂര്‍ണ ശുചിത്വമുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ടൗണിലെത്തുന്ന പൊതു ജനങ്ങളും വ്യാപാരികളും ഓട്ടോ-ടാക്സി ജീവനക്കാരും പ്രാഥമികാവശ്യ നിര്‍വഹണത്തിന് സൗകര്യമില്ലാതെ വലയുകയാണ്. കെട്ടിടങ്ങളുടെ ഇടനാഴികകളിലും പൊതുവായി ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിലും അവര്‍ ഒളിച്ച് നിന്നു കാര്യം സാധിക്കേണ്ട സ്ഥിതിയാണ്.

മാലിന്യം മഴ വെള്ളത്തില്‍ കൂടിച്ചേര്‍ന്നു ടൗണില്‍ എത്തുന്നുമുണ്ട്. ഇതിലൂടെയാണ് കുട്ടികള്‍ അടക്കം സഞ്ചരിക്കുന്നത്. ഗ്രാമ സഭയില്‍ പ്രശ്നം അവതരിപ്പിച്ചപ്പോള്‍ പൊതു ശൗചാലയം വീണ്ടും നവീകരിക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് അധികൃതര്‍ പറഞ്ഞെങ്കിലും നടപ്പിലായില്ല. സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
Public toilet closed; people stranded in Chakkittapara