ചക്കിട്ടപാറ: പെരുവണ്ണാമൂഴിയില്‍ നിന്നും ചക്കിട്ടപാറക്ക് ഉള്ള മലയോര ഹൈവേ പ്രവര്‍ത്തി കാരണം പുളിക്കല്‍ സാബുവിന്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെല്‍ത്ത് സെന്ററിനു സമീപത്ത് റോഡിന്റെ താഴ് ഭാഗത്താണ് സാബുവിന്റെ വീട്. പാതയില്‍ നിന്നു സ്റ്റെപ്പുകള്‍ ഇറങ്ങി വേണം വീട്ടിലേക്ക് എത്തുവാന്‍.
ഹൈവേ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ സ്റ്റെപ്പുകള്‍ ഉണ്ടായിരുന്ന പാത ഭാഗം ഉയര്‍ത്തി. എങ്കിലും ഇതിന്റെ വശത്തുകൂടി കല്ലിട്ട് താല്‍ക്കാലിക വഴി ഉണ്ടാക്കി കൊടുത്തിരുന്നു. കൂടാതെ ഇതിനു സമീപം മണ്ണിട്ടും പാത നല്‍കി. പക്ഷേ കനത്ത മഴയില്‍ ഈ രണ്ടു സംവിധാനവും തകര്‍ന്ന് ഒലിച്ചു പോയി. ഇപ്പോള്‍ ജീവന്‍ പണയം വെച്ചാണ് തകര്‍ന്ന ഭാഗത്തു കൂടി ഈ കുടുംബത്തിന്റെ വീട്ടിലേക്കുള്ള പോക്കു വരവ്.

വഴി നേരെയാക്കി തരണമെന്ന് കര്‍ഷകനായ സാബു കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമൊന്നും ആയില്ല. ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതിയില്‍ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജന്‍ വര്‍ക്കി റോഡിന്റെ പ്രശ്‌നം ഉന്നയിച്ചു. അടിയന്തിരമായി സാബുവിന്റെ കുടുംബത്തിനു വഴി നിര്‍മ്മിച്ചു നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് കേരളാ റോഡ് ഫണ്ട് ബോര്‍ഡിനു നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Construction of a mountain highway; family in trouble without a way home