ബാലുശ്ശേരി: കേരളത്തെ പിടിച്ചുകുലുക്കിയ പാതി വിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്ര ബാലുശ്ശേരി എന്ന സംഘടന വഴി പണം നഷ്ടപ്പെട്ട വനിതകള്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ മൊഴി നല്‍കാന്‍ ഹാജരായി.
ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ഇന്ന് രാവിലെ 11 മണി മുതല്‍ വട്ടോളി ബസാറിലുള്ള ഒതയോത്ത് ബില്‍ഡിംഗില്‍ വെച്ച് നടന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. നാല്പതോളം വനിതകളാണ് സ്‌കൂട്ടര്‍ പാതിവിലത്തട്ടിപ്പില്‍ സമഗ്ര ബാലുശ്ശേരി വഴി വഞ്ചിക്കപ്പെട്ടത്.

ഇതേ പദ്ധതികളുടെ മറവില്‍ ജൈവകര്‍ഷക കമ്പനിയുടെ ഷെയര്‍ വിഹിതം എന്ന നിലയ്ക്ക് രേഖകള്‍ ഇല്ലാതെ പണം വാങ്ങിയതിന്റെ പേരില്‍ സമഗ്രയുടെ ഡയരക്ടര്‍ സുനില്‍ കുമാര്‍ ഉണ്ണികുളത്തിനെതിരെ ഓഹരി ഉടമകള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുകയും പോലീസ് ഇടപെട്ട് പണം തിരിച്ചു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.
പാതിവില തട്ടിപ്പിലെ മുഖ്യ ആസൂത്രകരായ അനന്ദു കൃഷ്ണന്‍ ആനന്ദകുമാര്‍ എന്നിവര്‍ മുഖേന വലിയൊരു കമ്മീഷന്‍ തുക മുന്‍കാലങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടത്തിയതിന്റെ പേരില്‍ സമഗ്ര എന്ന സംഘടനയ്ക്ക് ലഭിച്ചതിനാല്‍ ആ പണമിടപാടുകള്‍ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അത് കണ്ടു കെട്ടി താല്ക്കാലിക ആശ്വാസം എന്ന നിലയ്‌ക്കെങ്കിലും വഞ്ചിതരായ വനിതകള്‍ക്ക് തിരിച്ചു കൊടുക്കണമെന്നും ഇരകളായ ആളുകളുടെ കൂട്ടായ്മയായ ആക്ഷന്‍ ഫോറം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു.
Crime Branch collects evidence in half-price scam