---
title: "ബഫര്‍സോണ്‍ പ്രഖ്യാപനം: മനുഷ്യ മതില്‍ തീര്‍ത്ത് ചക്കിട്ടപാറ പഞ്ചായത്ത്"
english_title: "Buffer zone declaration: Chakkittapara Panchayat to remove human wall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58388/buffer-zone-declaration-chakkittapara-panchayat-to-remove-human-wall"
published_at: "2022-07-30T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e54b0dab716_547sn5ko_copy.jpg"
keywords: []
---

# ബഫര്‍സോണ്‍ പ്രഖ്യാപനം: മനുഷ്യ മതില്‍ തീര്‍ത്ത് ചക്കിട്ടപാറ പഞ്ചായത്ത്

> **Lead Summary:** ** ചക്കിട്ടപാറ**: ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ മലയോര മേഖലയില്‍ പ്രതിഷേധം ഇരമ്പി. ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ മനുഷ്യ മതില്‍ തീര്‍ത്തു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെയാണ് പ്രതിഷേധ മതില്‍ ഉയര്‍ന്നത്.

## Article Content

** ചക്കിട്ടപാറ**: ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ മലയോര മേഖലയില്‍ പ്രതിഷേധം ഇരമ്പി. ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ മനുഷ്യ മതില്‍ തീര്‍ത്തു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെയാണ് പ്രതിഷേധ മതില്‍ ഉയര്‍ന്നത്.

കനത്ത മഴ പോലും വകവെക്കാതെ സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ പ്രതിഷേധ മതിലില്‍ അണിനിരന്നു. പ്രതിഷേധ മതിലിൽ പങ്കെടുത്തവർ ബഫർ സോൺ വിരുദ്ധ പ്രതിജ്ഞ ചൊല്ലി

2022 ജൂണ്‍ 3ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം വനാതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വന്നാല്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപാറ പഞ്ചാത്തിലെ ചക്കിട്ടപറ, ചെമ്പനോട എന്നീ രണ്ടു വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ബഹര്‍ സോണിനുള്ളിലാവും.

പതിറ്റാണ്ടുകളായി കൃഷിചെയ്ത് എല്ലാവിധ രേഖകളോടും കൂടെ കൈവശം വെച്ച് താമസിച്ചു വരുന്ന ജനവിഭാഗങ്ങളെ ബഫര്‍ സോണിന്റെ പേരില്‍ രണ്ട് തരം പൗരന്മാരാക്കും.

വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷനായി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സി.കെ. ശശി, ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, എം. കുഞ്ഞമ്മത്, ജയിംസ് മാത്യു, ബേബി കാപ്പു കാട്ടില്‍, വി.വി. കുഞ്ഞിക്കണ്ണന്‍, ഹമീദ് ആവള, പി.എം. ജോസഫ്, വര്‍ഗീസ് കോലത്ത് മീത്തല്‍, അലക്‌സ് ഒഴുകയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ഇ.എം ശ്രീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58388/buffer-zone-declaration-chakkittapara-panchayat-to-remove-human-wall)