പെരുവണ്ണാമൂഴി : പേരാമ്പ്രക്കടുത്ത് പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയെ കണ്ടതായി പറയുന്നത്.
കാലത്ത് റബ്ബര്‍ ടാപ്പിംഗിന് പോവുകയായിരുന്ന ദമ്പതികളാണ് ജീവിയെ കാണുന്നത്. ഇവര്‍ ഇരുചക്ര വാഹനത്തില്‍ പോവുമ്പോള്‍ ജീവി റോഡ് മുറിച്ച് കടക്കുന്നതായി കാണുകയായിരുന്നു.
ഉടന്‍ നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ജീവിയുടെ കാല്‍പാടുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇത് കടുവയുടെതോ അത് പോലുള്ള വന്യ ജീവികളുടെതോ ഇന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വനംവകുപ്പ് അധികുതരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബൈജുനാഥ്, ഗ്രാമ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കഴിഞ്ഞ ദിവസം വയനാട്ടില്‍ കടുവയെ കണ്ടത്തിയത് ഇവിടുത്തെ ജനങ്ങളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.
Locals say they saw a tiger in Peruvannamoozhi