പേരാമ്പ്ര : ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് മിന്നുന്ന പ്രകടനം കാഴ്ച വെച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര കല്പത്തൂര്‍ സ്വദേശിനി പി.എം. റിത്വിക റാമിന് വാല്യക്കോട് എയുപി സ്‌ക്കൂള്‍ പിടിഎയും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സ്വീകരണം നല്‍കി.

നെടുമ്പാശ്ശേരില്‍ വിമാനമിറങ്ങിയ റിത്വികക്കും കുടുംബാംഗങ്ങള്‍ക്കും പേരാമ്പ്ര കക്കാട് ജംഗ്ഷനില്‍ വെച്ച് സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി മലയിട്ടും വാല്യക്കോട് എയുപി സ്‌ക്കൂള്‍ പ്രധാനാധ്യാപിക എ.കെ. സുബൈദ പൂച്ചെണ്ട് നല്‍കിയും റിത്വിക റാമിനെ സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു അമ്പാളി, സ്‌ക്കൂള്‍ മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് കൃഷ്ണദാസ്, വി.വി ദിനേശന്‍, സലീം മിലാസ്, എം.ടി. ഹമീദ്, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, നാടിന്റെ അഭിമാനമായ റിത്വിക റാമിനെ തുറന്ന വാഹനത്തില്‍ പേരാമ്പ്ര പട്ടണത്തിലൂടെ വാല്യക്കോട് എയുപി സ്‌ക്കൂളിലേക്ക് ആനയിച്ചു.
ജക്കാര്‍ത്തയില്‍ നടന്ന പത്താമത് ഷിറ്റോ റ്യൂ കരാട്ടെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിലാണ് രാജ്യത്തിന് വേണ്ടി ത്രിവര്‍ണ്ണ പതാക പാറിച്ചത്. വാല്യക്കോട് പ്രവര്‍ത്തിക്കുന്ന സെന്‍ ഷിറ്റോ റ്യൂ കരാട്ടെ സ്‌ക്കൂളിലെ കെ.എം. ലാല്‍ജിത്തിന്റെ കീഴിലാണ് റിത്വിക പരിശീലനം നടത്തി വരുന്നത്.
പെണ്‍കുട്ടികളുടെ 7-8 വിഭാഗത്തില്ലാണ് വാല്യക്കോട് എയുപി സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിത്വിക റാം വെള്ളി മെഡല്‍ കരസ്ഥമാക്കി രാജ്യത്തിനും നാടിനും അഭിമാനമായത്. ഈ വിഭാഗത്തില്‍ റഷ്യയുടെ കിബേരവ അലക്‌സാഡ്ര സ്വര്‍ണ്ണവും ഫിലിപൈന്‍സിലെ ലൊറൈനേ ഗ്രേസ് ബി റഗനിലും, ഇന്തോനേഷ്യയുടെ കിനാര അറാഫയും വെങ്കലവും നേടി.
കല്പത്തൂര്‍ പുനത്തില്‍ മീത്തല്‍ രമിലിന്റെയും വാല്യക്കോട് എയുപി സ്‌ക്കൂള്‍ അധ്യാപിക അനുശ്രീയുടെയും മകളാണ് റിത്വിക.
Welcome to Ritwika Ram kalpathur valyakode who won silver in the International Karate Championship jakartha indonesia