പേരാമ്പ്ര: കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഓവു ചാല്‍ നിര്‍മ്മിക്കാത്തത് റോഡ് തകരുന്നതായി പരാതിയുയര്‍ന്നു.
കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കുവ്വപ്പൊയില്‍ പാറ്റയില്‍ ഭാഗത്താണ് റോഡരികിലെ മെറ്റല്‍ വേനല്‍ മഴക്ക് തന്നെ പൂര്‍ണ്ണമായും ഇളകി റോഡിലേക്ക് ഒഴുകി കാല്‍നടയാത്രക്കാര്‍ക്കും, ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മറ്റു വാഹന യാത്രക്കാര്‍ക്കും അപകട ഭീഷണിയായി മാറിയത്.
മെറ്റല്‍ ഒലിച്ചു പോയ സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്. എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഈ കുഴിയില്‍ വീണും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ഈ ഭാഗത്ത് റോഡ് നവീകരണത്തിന് മുമ്പ് തന്നെ ഓവു ചാല്‍ നിര്‍മ്മിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
20 - കോടിയോളം രൂപ മുടക്കി നവീകരണ പ്രവൃത്തി നടത്തിയ ഈ റോഡില്‍ പലസ്ഥലങ്ങളിലും ഓവു ചാല്‍ നിര്‍മ്മിക്കാതെയാണ് പണി നടക്കുന്നതെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു.
കാലവര്‍ഷം ശക്തിയാകുന്നതോടെ റോഡ് വീണ്ടും തകരാന്‍ സാദ്ധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഈ ഭാഗത്ത് ഓവുചാല്‍ നിര്‍മ്മിച്ച് റോഡ് തകരുന്നത് തടയണമെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.
There is no overflow; The road is collapsing at kadiyangad