പേരാമ്പ്ര : പേരാമ്പ്ര ധമനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലാക്ക് എന്ന ഹ്രസ്വസിനിമയുടെ പ്രദര്‍ശനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് ഹാളിലാണ് പ്രദര്‍ശനമൊരുക്കുന്നത്.
പ്രദര്‍ശന ശേഷം നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ രമേഷ് കാവില്‍, രാജന്‍ തിരുവോത്ത്, എം.കുഞ്ഞമ്മത്, ടി.കെ. ലോഹിതാക്ഷന്‍, കെ.കെ. ഹനീഫ, വി.കെ. പ്രമോദ്, മുഹമ്മദ് എരവട്ടൂര്‍, ചാലിക്കര രാധാകൃഷ്ണന്‍, സതീശന്‍ നരക്കോട്, സുരേഷ് കല്‍പ്പത്തൂര്‍, ശ്രീസൂര്യ തിരുവോത്ത്, ലിജി അമ്പാളി, എന്‍.പി. ശോഭ, പി.എം സൗദ തുടങ്ങിയവര്‍ പങ്കെടുക്കും.
പേരാമ്പ്ര സ്വദേശിയായ ബ്രിജേഷ് പ്രതാപ് ആണ് ബ്ലാക്ക് സംവിധാനം ചെയ്തത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന കലാകാരന്‍മാരുടെ പ്രതിരോധ ജീവിതവും സംഘര്‍ഷഭരിതമാകുന്ന കലാലോകവും ഇതിവൃത്തമായി ഒരുക്കിയ ഹ്രസ്വ സിനിമയാണ് ബ്ലാക്ക്. സമകാലിക സാഹചര്യങ്ങളുടെ എല്ലാ അടയാളപ്പെടുത്തലുകളും പിന്തുടര്‍ന്ന് കൊണ്ട് ഇരുട്ടിലേക്ക് അകപ്പെട്ട മനുഷ്യരുടെ കറുത്ത ലോകത്തിന്റെ കഥ കൂടി ഈ സിനിമ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള ഭീഷണികളും, ജനാധിപത്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വേട്ടയാടലുകളും എഴുത്തുകാരനും ചിത്രകാരനുമായ ഒരാളുടെ ജീവിതത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു കൊണ്ടാണ് ബ്ലാക്ക് സംവദിക്കുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് പ്രശസ്ത ചലച്ചിത്ര താരം ശ്യാം കാര്‍ഗോസ് ആണ്. മിന്നല്‍ മുരളി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഒരു തെക്കന്‍ തല്ലുകേസ്, നീലവെളിച്ചം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്യാം ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ്. വലന്‍സിയ മീഡിയ കോര്‍ട്ട്, കാര്‍ത്തികമഠം മീഡിയ ഹബ് എന്നീ ബാനറുകളില്‍ ബ്രിജേഷ് പ്രതാപും അനില്‍ തിരുവമ്പാടിയും ചേര്‍ന്നാണ് ബ്ലാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
പേരാമ്പ്ര സ്വദേശികളായ സുരേഷ് അലീന നിശ്ചല ഛായാഗ്രഹണവും ആര്‍ബി ടെച്ച് പോസ്റ്റര്‍ ഡിസൈനും നിര്‍വ്വഹിച്ച് ചിത്രത്തിന്റെ ഭാഗമാണ്. രചന, കലാസംവിധാനം - ദിലീപ് കീഴൂര്‍,ഛായാഗ്രഹണം - അനില്‍ മണമേല്‍, എഡിറ്റിഗ് & കളറിംഗ് - ഹരി ജി നായര്‍, പശ്ചാത്തല സംഗീതം - ഡൊമനിക് മാര്‍ട്ടിന്‍, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സിനിമ ഇതിനോടകം വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ന്യൂവേവ് ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മാനന്തവാടി നഗരസഭ പഴശ്ശിരാജ ദിനാചരണ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, വെസ്റ്റ് ബംഗാളിലെ സിംഗൂര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ ബ്ലാക്ക് പത്തോളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഇതിനോടകം പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി 350 അവാര്‍ഡുകള്‍ നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച 'യക്ഷി', മലയാളത്തിലും തമിഴിലുമായി ഒരുക്കിയ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി 'കൗണ്‍ഡൗണ്‍', ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ നേടിയ 'ഐ' തുടങ്ങി നിരവധി ഹ്രസ്വ സിനിമകള്‍ ഒരുക്കിയിട്ടുള്ള ബ്രിജേഷ് പ്രതാപ് സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ സിനിമാ മേഖലയില്‍ സജീവമാണ്.
ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സാമൂഹിക ബോധവല്‍ക്കരണ സിനിമകള്‍, സംഗീത ആല്‍ബം, പരസ്യചിത്രങ്ങള്‍ തുടങ്ങിയവ ഒരുക്കി 500-ലധികം പുരസ്‌കാരങ്ങള്‍ ലഭിച്ച ബ്രിജേഷ് പ്രതാപിന്റെ നാട്ടിലാണ് പ്രദര്‍ശനമൊരുക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ ധമിനി ഫിലിം സൊസൈറ്റി പ്രസിഡന്റ് ശിവദാസ് ചെമ്പ്ര , സെക്രട്ടറി കെ. രതീഷ്, സംവിധായകന്‍ ബ്രിജേഷ് പ്രതാപ്, ദേവദാസ് പേരാമ്പ്ര, രാധാകൃഷ്ണന്‍ ചാലിക്കര, സുരേഷ് അലീന എന്നിവര്‍ സംബന്ധിച്ചു.
Short film screening today