പാലേരി: പാലേരി വടക്കുമ്പാട് കടകളില്‍ മോഷണം നടത്തി മുങ്ങിയ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് പിടിയിലായത്.

ഫെബ്രുവരി 25-ാം തിയ്യതി പുലര്‍ച്ചെ വടക്കുമ്പാട് സ്‌കൂളിനടുത്ത് അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിച്ചര്‍ കടയിലുമാണ് മോഷണം നടന്നത്. രാത്രി 2 മണിയോടെ റോഡില്‍ ലോറി നിര്‍ത്തി ഹോട്ടലിലെ കസേരകളും ഫര്‍ണിച്ചര്‍ കടയിലെ മേശയും എടുത്തു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സംഭവസ്ഥലത്തു നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികള്‍ കര്‍ണാടകയില്‍ എത്തിയ വിവരം പൊലീസിന് ലഭിച്ചത്.
വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷന്‍ ലോറിയില്‍ ഇവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ കയറ്റി കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഹൂട്ട് ഗള്ളിയില്‍ എത്തിച്ചു ആക്രിസാധനം ആക്കി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് പൊലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്. രാത്രികാലങ്ങളില്‍ വാഹനം ഒതുക്കി നിര്‍ത്തി കടകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച് മോഷണ വസ്തുക്കള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയി ആക്രികള്‍ ആക്കി വില്‍ക്കുന്ന രീതിയില്‍ ആണ് ഇവരുടെ മോഷണമെന്ന് പൊലീസ് പറഞ്ഞു.
പേരാമ്പ്ര ഡിവൈഎസ്പി വി ലതീഷിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ SCPO സി.എം സുനില്‍കുമാര്‍, റിയാസ്, ബൈജു എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
theft of furniture; Perambra police reached Karnataka and arrested the accused