പേരാമ്പ്ര: കാര്‍ഷിക വിളവെടുപ്പിന്റെ സമൃദ്ധിയും കൃഷി ഇറക്കലിന്റെ സംതൃപ്തിയും പ്രദാനം ചെയ്യുന്ന മലയാളിയുടെ മഹോത്സവമാണ് വിഷു. വരണ്ടു ഉണങ്ങി കിടക്കുന്ന ഭൂമിയില്‍ ആശ്വാസത്തിന്റെ കുളിരുമായി വേനല്‍മഴ എത്തിയതോടെ കര്‍ഷകര്‍ വിളവിറക്കലിനു തയ്യാറെടുക്കുന്നു. അങ്ങനെ വരും വര്‍ഷത്തെ ഉര്‍വ്വരത അറിയിക്കുന്ന ആഘോഷവുമായി മേടത്തില്‍ വിഷു വന്നണയുന്നു.

എല്ലാ ശുഭ കര്‍മ്മങ്ങള്‍ക്കും മംഗള സ്മരണകളുണര്‍ത്തുന്ന ദിവസമാണ് വിഷു. ഭാരതത്തിന്റെ പുരാതന കാലത്തുള്ള പഞ്ചാംഗ പ്രകാരമുള്ള വര്‍ഷാരംഭമാണ് വിഷു. കേരളത്തിന്റെ അന്യസംസ്ഥാനങ്ങളില്‍ ബിഹു, ബിസു എന്ന പേരിലും ആളുകള്‍ വിഷു ആഘോഷിക്കുന്നുണ്ട്.
വിഷു എന്ന പദത്തിന്റെ അര്‍ത്ഥം തുല്യത എന്നാണ്. അതായത് രാത്രിയും പകലും തുല്യമായ ദിവസം പുരാണങ്ങളില്‍ രണ്ട് ഐതീഹ്യങ്ങളാണ് വിഷുവിനെ പറ്റി പറയുന്നത്. ശ്രീ കൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമെന്നും രാവണന്റെ കൊട്ടാരത്തിനുള്ളില്‍ സൂര്യരശ്മി തട്ടിയത് രാവണന് ഇഷ്ട്ടപ്പെടാത്തതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ ശ്രീരാമന്‍ വധിച്ചതിനു ശേഷമാണ് സൂര്യനു നേരെ ഉദിക്കാന്‍ സാധിച്ചെതെന്നും സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നുമുള്ളതാണ്.
വിഷുവിനു പ്രധാനമാണ് കണിയൊരുക്കല്‍ . നിലവിളക്ക്, ഓട്ടുരുളി, നെല്ല്, നാളികേരം, കണിവെള്ളരി, ചക്ക, മാമ്പഴം, കദളിപ്പഴം, വാല്‍ക്കണ്ണാടി, കൃഷ്ണ വിഗ്രഹം കണിക്കൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടി മുണ്ട്, ഗ്രന്ഥം, നാണയങ്ങള്‍, സ്വര്‍ണ്ണം, കുങ്കുമം, വെറ്റില, അടക്ക, ഓട്ടു കിണ്ടി, വെള്ളം തുടങ്ങിയ ദ്രവ്യങ്ങളാണ് കണിയൊരുക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും സ്വര്‍ണ്ണമഴ പോലെ സ്വര്‍ണ്ണാഭരണച്ചാര്‍ത്തു പോലെ മലയാള മണ്ണിന് പ്രകൃതി സമ്മാനിച്ച കണിക്കൊന്നപ്പൂക്കളാണ് വെള്ളോട്ടുരുളിയിലെ വിഷുക്കണിയില്‍ ഏറെ സുന്ദരവും ഐശ്യര്യ ഭാവവുമായ കാഴ്ച.
മഞ്ഞത്തുകില്‍ ചാര്‍ത്തിയ ശ്രീ കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ കനകക്കിങ്ങിണിയായി നിരത്തി വയ്ക്കുന്ന കണിക്കൊന്ന പൂക്കളുടെ ശോഭ അവര്‍ണ്ണനീയമാണ്. വിഷുവും വിഷുക്കണിയുമായി ബന്ധപ്പെട്ടു വരുന്നത് കൊണ്ട് തന്നെയാണ് വിഷുക്കൊന്നയെന്ന് ഈ മരത്തിന് പേര് വന്നതും.
കാളിദാസന്റെ മിക്ക കൃതികളിലും കര്‍ണ്ണികാരത്തെ പറ്റി വര്‍ണ്ണിക്കുന്നുണ്ട്. കേരളത്തിന്റെ പ്രമുഖ കവികളുടെയെല്ലാം കവിതകളിലും ചലച്ചിത്രഗാനങ്ങളിലും കണിക്കൊന്നകളുടെ സാന്നിധ്യം കാണാം. കേരളത്തിന്റെ സംസ്ഥാന പുഷ്പവുമാണ് കണിക്കൊന്ന. കൊടുംചൂടില്‍ ഇലകൊഴിയുന്ന മരങ്ങള്‍ക്കിടയില്‍ മഞ്ഞപ്പൂക്കളാല്‍ സമൃദ്ധമായ കണിക്കൊന്ന മേടമാസത്തിലെ പതിവ് കാഴ്ചയാണ്.
Vishu has arrived; kaniyorukkan konnappookkalum