പേരാമ്പ്ര : 2024 ലെ ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാര നേട്ടവുമായി ചക്കിട്ടപ്പാറ സ്വദേശി സംവിധായകന്‍ ജിന്റോ തോമസ്. ഇരുനിറം എന്ന സിനിമയിലൂടെ മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്‌കാരം ആണ് ജിന്റോയെ തേടിയെത്തിയത്.

ടൊവിനോ മികച്ച നടനായും നസ്രിയ, റീമ കല്ലിങ്കല്‍ എന്നിവര്‍ മികച്ച നടിമാരായും തെരെഞ്ഞെടുത്ത ക്രിട്ടിക്‌സ് പുരസ്‌കാരം തിരുവനന്തപുരത്തു വച്ചാണ് പ്രഖ്യാപനം നടന്നത്.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ചു ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ജിന്റോ തോമസിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് ഇരുനിറം. സംസ്ഥാന പുരസ്‌കാരം നേതാവും ബാലതാരവുമായ തന്മയ സോള്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിനു തയാറെടുക്കുന്നു.
സംവിധായകരായ സിബി മലയില്‍, ലിയോ തദ്ദേവൂസ് എന്നിവരുടെ ശിഷ്യനായി സിനിമയിലെത്തിയ ജിന്റോ തോമസ് സംസ്ഥാന പുരസ്‌കാരം കിട്ടിയ കാടകലം സിനിമയുടെ തിരക്കഥാകൃത്തായിരുന്നു . ആന്തോളജി ചിത്രം പടച്ചോന്റെ കഥകളില്‍ അന്തോണി എന്ന സെഗ്മെന്റും ജിന്റോ ഒരുക്കിയിരുന്നു.
ജിന്റോയിയുടെ ഏറ്റവും പുതിയ ചിത്രമായ ഇരുനിറം എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കാണ് പുരസ്‌കാരം. മാളോല പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ സിജിന്‍ മാളോലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തന്മയ സോള്‍, ദിനേഷ്, നിഷ സാരഗ്, ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇരുനിറം, സാമൂഹികമായി പ്രാധാന്യമുള്ള വിഷയങ്ങളുമായി, പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. സിനിമയുടെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
Jinto Thomas chakkittapara wins Film Critics Award