---
title: "പേരാമ്പ്രയില്‍ വീണ്ടും വിവാഹ വീട്ടില്‍ പണപ്പെട്ടി മോഷണം"
english_title: "Another theft of cash box from wedding house in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292310/another-theft-of-cash-box-from-wedding-house-in-perambra"
published_at: "2025-05-26T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68343b627db6a_kallan.JPG"
keywords: []
---

# പേരാമ്പ്രയില്‍ വീണ്ടും വിവാഹ വീട്ടില്‍ പണപ്പെട്ടി മോഷണം

> **Lead Summary:** പേരാമ്പ്ര: വിവാഹ സല്‍ക്കാരത്തില്‍ വിരുന്നിനെത്തുന്നവര്‍ സമ്മാനിക്കുന്ന പണം കവര്‍ച്ച ചെയ്തുകൊണ്ട് പോവുന്നത് പതിവാകുന്നു. പേരാമ്പ്രയില്‍ വീണ്ടും വിവാഹവീട്ടില്‍ പണപ്പെട്ടിയില്‍ മോഷണം. കവറുകള്‍ കാണാനില്ല. കടിയങ്ങാട് മുതുവണ്ണാച്ച പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്.

## Article Content

പേരാമ്പ്ര: വിവാഹ സല്‍ക്കാരത്തില്‍ വിരുന്നിനെത്തുന്നവര്‍ സമ്മാനിക്കുന്ന പണം കവര്‍ച്ച ചെയ്തുകൊണ്ട് പോവുന്നത് പതിവാകുന്നു. പേരാമ്പ്രയില്‍ വീണ്ടും വിവാഹവീട്ടില്‍ പണപ്പെട്ടിയില്‍ മോഷണം. കവറുകള്‍ കാണാനില്ല. കടിയങ്ങാട് മുതുവണ്ണാച്ച പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്.

ഫൈസലിന്റെ മകള്‍ ഫിജയുടെ വിവാഹമായിരുന്നു ഞായറാഴ്ച. ഇന്ന് രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകള്‍ കാണാനില്ലെന്ന് മനസിലായത്. രണ്ട് പെട്ടികളാണ് വെച്ചിരുന്നത്. വിവാഹ വീടിന്റെ പുറത്തെ വരാന്തയില്‍ വെച്ച പെട്ടിയില്‍ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയില്‍ സ്ത്രീകള്‍ സമ്മാനിച്ച പണ കവറുകളാണ് കാണാതായിരിക്കുന്നത്.

കഴിഞ്ഞ 19-ാം തിയ്യതിയും സമാനമായ മോഷണം നടന്നിരുന്നു. പേരാമ്പ്രക്കടുത്ത് പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് പെട്ടി മോഷണം പോയത്. സദാനന്ദന്റെ മകള്‍ ശ്രീ ലക്ഷ്മിയുടെ വിവാഹമായിരുന്നു. പെട്ടി പണത്തോടെ വിവാഹ ശേഷം വീട്ടിനകത്ത് മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിന്‍വശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് പണമടങ്ങിയ പെട്ടിയുമെടുത്ത് പുറത്ത് കടക്കുകയായിരുന്നു.

പെട്ടി വീടിനോട് ചേര്‍ന്ന പന്തലിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പണമടങ്ങിയ കവറുകളുമായി കടന്ന് കളയുകയായിരുന്നു. പിറ്റേന്ന് കാലത്ത് പന്തല്‍ പൊളിക്കാനായി എത്തിയ തൊഴിലാളികളാണ് പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതോടെയാണ് പെട്ടി നഷ്ടപ്പെട്ട വിവരം വീട്ടുകാരും അറിയുന്നത്. പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയിലാണ്. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ മോഷ്ടാവിനെ പിടിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും പണപ്പെട്ടി മോഷണം പോയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292310/another-theft-of-cash-box-from-wedding-house-in-perambra)