ഓണപ്പൊട്ടന്‍ ഒരുങ്ങുന്നു പഴയ ആചാരങ്ങള്‍ തെറ്റിക്കാതെ ചിട്ടയോടെ

ഓണപ്പൊട്ടന്‍ ഒരുങ്ങുന്നു പഴയ ആചാരങ്ങള്‍ തെറ്റിക്കാതെ ചിട്ടയോടെ
Aug 27, 2023 01:45 PM | By DEVARAJ KANNATTY

നാളെ ഉത്രാടമാണ്. മലബാറില്‍ ഒന്നാം ഓണമായി ആഘോഷിക്കുന്ന ദിവസം. മഹാബലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടന്‍ തന്റെ പ്രജകളെ കാണാന്‍ ഇറങ്ങുന്ന ദിവസം.

ഉത്രാടം, തിരുവോണം നാളുകളില്‍ മലബാറിന്റെ ഇട വഴികളിലൂടെയും വയല്‍ വരമ്പുകളിലൂടെയും ഓടുന്ന ഓണപ്പൊട്ടന്‍ ഗതകാല സ്മരണയുണര്‍ത്തുന്ന കാഴ്ചയാണ്.

ഓണപ്പൊട്ടന്റെ വരവറിയിക്കുന്ന കുടമണി നാദത്തിന് പിറകേ ഓലക്കുടയുമായി അലങ്കാരങ്ങളോട് കൂടിയ ഓണപ്പൊട്ടന്‍ നേരിയ വേഗത്തില്‍ ഓടി വരുന്നത് കാണാനാകും. വേഗം കുറഞ്ഞ ഓട്ടമാണ് ഓണ പൊട്ടന്റെ യാത്രാ രീതി. എവിടെയും നില്‍ക്കില്ല, അനുഗ്രഹം നല്‍കുമ്പോഴും ചലനം തുടര്‍ന്നുകൊണ്ടേയിരിക്കും.


ആരോടും ഒരു വാക്ക് പോലും ഉരിയാടാതെ വീടുകളിലെത്തി അനുഗ്രഹം നല്‍കുകയാണ് ഓണപ്പൊട്ടന്‍. പാതാളത്തിലേക്ക് താഴ്ത്തുന്നതിന് മുന്‍പ് എല്ലാ വര്‍ഷവും പ്രജകളെ കാണാന്‍ എത്തണം എന്നതായിരുന്നു മഹാബലിയുടെ ആഗ്രഹം.

അത് അംഗീകരിച്ച വാമനന്‍ പ്രജകളെ കാണാന്‍ മാത്രമേ അനുവാദം നല്‍കൂ എന്നും ഒരു വാക്ക് പോലും ഉച്ഛരിക്കരുതെന്നും ഒരു നിബന്ധന കൂടി വെച്ചു. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ ആംഗ്യ ഭാഷ മാത്രം ഉപയോഗിക്കുന്നത് എന്നാണ് ഐതീഹ്യം.

ഓണേശ്വരന്‍, ഓണ ദേവന്‍ എന്നും എല്ലാം മലബാറുകാര്‍ ഓണപ്പൊട്ടനെ വിളിക്കാറുണ്ട്. മലബാറിലെ മലയ സമുദായത്തില്‍ പെട്ടവരാണ് ഓണപ്പൊട്ടനായി വേഷമിടുന്നത്. കാലങ്ങളായി ഈ സമുദായമാണ് ഇത് ചെയ്തു പോരുന്നതതെങ്കിലും ഇന്ന് മറ്റ് വിഭാഗക്കാരും ഓണപ്പൊട്ടനായി ഇറങ്ങുന്നുണ്ട്.

41 ദിവസത്തെ വ്രതമെടുത്താണ് ഉത്രാടം നാളില്‍ ഓണപ്പൊട്ടന്‍ ഇറങ്ങുന്നത്. അത്തം മുതല്‍ തന്നെ ഓണപ്പൊട്ടന് ആവശ്യമായ വേഷ വിധാനങ്ങള്‍ തയ്യാറാക്കാന്‍ ആരംഭിക്കും. കാണി എന്നറിയപ്പെടുന്ന ചുവന്ന നിറത്തിലുള്ള കച്ച മുണ്ട്, കുരുത്തോല കൊണ്ട് അലങ്കരിച്ച പനയോലക്കുട, മുടി, ചാമരം, കിരീടം, കുടമണി, കൈവള എന്നിവയെല്ലാം ഒരുക്കി വെയ്ക്കും.

കിരീടവും ആഭരണങ്ങളുമെല്ലാം കൈകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. കദളി വാഴയുടെ പോള മുടി പോലെ ചീകിയെടുത്ത് ഉണക്കി മഞ്ഞ നിറം പൂശിയാണ് മുടിയൊരുക്കുന്നത്. താടിയും ഇങ്ങനെ തന്നെ. കവുങ്ങിന്‍ പാളയും ഒറോപ്പയും ചേര്‍ത്ത് തെച്ചിപ്പൂ അലങ്കരിച്ചാണ് കിരീടം ഒരുക്കുന്നത്.


ഓണപ്പൊട്ടന്‍ വേഷം കെട്ടി വീടുവീടാന്തരം കയറി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പേരാമ്പ്ര കല്പത്തൂര്‍ വായനശാലയിലെ എരഞ്ഞോല മീത്തല്‍ ഗോപി കുരിക്കള്‍. തന്റെ 14-ാം വയസ്സില്‍ തുടങ്ങിയതാണ് ഓണപ്പൊട്ടന്‍ വേഷം കെട്ടാന്‍. ഇന്ന് വയസ് 43-ല്‍ എത്തി നില്ക്കുകയാണങ്കിലും പഴയ ചിട്ടകള്‍ തന്നെ പാലിച്ച് വേഷമണിഞ്ഞ് പോരുന്നു.

അത്തം മുതലാണ് ഈ വേഷം കെട്ടുന്നതിനുള്ള വ്രതം തുടങ്ങുന്നത്. മത്സ്യ മാംസാദികള്‍ തീര്‍ത്തും ഉപേക്ഷിക്കും. പൂരാട ദിവസം മുതല്‍ അരി ഭക്ഷണവും ഉണ്ടാവില്ല. ഉത്രാടത്തിനും തിരുവോണത്തിനും രാവിലെ തന്നെ ഓണപ്പൊട്ടനായി വീടുകളിലെത്തും.

ഓണേശ്വരന്‍ കയറിയ വീട്ടില്‍ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. ഗോപി ഗുരിക്കള്‍ വേഷം കെട്ടിയാല്‍ ആദ്യം കയറുന്നത് വീടിനടുത്തുള്ള കല്‍പ്പത്തൂര്‍ ഇടം പരദേവത ക്ഷേത്രത്തിലാണ്. അവിടത്തെ ആല്‍മരം വലം വെച്ച് കിഴക്കോട്ട് ഇറങ്ങിയാണ് ദേശസഞ്ചാരത്തിന് തുടക്കമിടുക. ഇത് വര്‍ഷങ്ങളായുള്ള പതിവാണ്. ഇന്നും തുടര്‍ന്ന് പോരുന്നു.

കയ്യിലെ കുടമണി കുലുക്കിയാണ് വരവറിയിക്കുന്നത്. നിലവിളക്കും നിറനാഴിയും ഒരുക്കി വെച്ചാണ് വീട്ടുകാര്‍ ഓണേശ്വരനെ വരവേല്‍ക്കുക. ദക്ഷിണയായി പണവും അരിയും നല്‍കും. വീട്ടുകാരെ ആശിര്‍വദിച്ചതിനു ശേഷം മടങ്ങും.

പഴയ ആചാരങ്ങള്‍ ഒന്നും തെറ്റിക്കാതെ ഇന്നും ചിട്ടയോടെ ഓണപ്പൊട്ടന്‍ വേഷം കെട്ടുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഗോപി കുരിക്കള്‍. ഈശ്വര ചൈതന്യമുള്ള വേഷമാണ് ഓണേശ്വരന്‍. ഈ വേഷം ധരിക്കുന്നത് ചിട്ടവട്ടങ്ങളോടു കൂടിയായിരിക്കണം.

എന്നാല്‍ ഇന്ന് ക്ലബ്ബുകള്‍ നടത്തുന്ന ഓണപ്പരിപാടിയ്ക്ക് വേണ്ടിയും സംഘടനകളുടെ ഘോഷയാത്രയിലുമെല്ലാം പലരും ഓണപ്പൊട്ടന്‍ വേഷം കെട്ടുന്ന സ്ഥിതി ഇന്നുണ്ട്. ഇതിനോട് ഒട്ടും യോജിക്കാന്‍ കഴിയില്ലെന്ന് ഗോപി ഗുരിക്കള്‍ പറയുന്നു.

കേവലം വിനോദം മാത്രം മുന്‍നിര്‍ത്തിയല്ലാതെ ആരാധനാ ക്രമങ്ങളുടെ ഭാഗമായി ആചാരങ്ങള്‍ കലാപരമായി അനുഷ്ഠിക്കുമ്പോഴാണ് അവ അനുഷ്ഠാന രൂപങ്ങളായി മാറുന്നത്.

ഭഗവതി, കാളി, നാഗ ഭഗവതി, കളരി ഭഗവതി, കരിങ്കാളി, വസൂരി മാല, മുച്ചിലോട്ട് ഭഗവതി, ചുടലഭദ്രകാളി തുടങ്ങിയ തെയ്യങ്ങള്‍ വിവിധ ക്ഷേത്രങ്ങളിലായി കെട്ടിയാടുന്ന പ്രഗത്ഭനായ തെയ്യംകലാകാരന്‍ കൂടിയാണ്, ഗോപിഗുരിക്കള്‍.


സ്വന്തമായി മുഖത്തെഴുത്ത് നടത്തും. തെയ്യത്തിന്റെ കുടുംകുഴല്‍ വായിക്കും. തെയ്യച്ചമയങ്ങള്‍ നിര്‍മ്മിക്കും. ഉള്ളിയേരി എരട്ടോറ രാജകുടുംബത്തിന്റെ പട്ടും വളയും ആദരമായി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ഓണപ്പൊട്ടന്‍ വേഷം കെട്ടി വീടുകയറിയപ്പോള്‍ ലഭിച്ച ദക്ഷിണ പ്രളയ ഫണ്ടിന് നല്‍കി മാതൃകയായിരുന്നു ഈ തെയ്യംകലാകാരന്‍. ഈ വര്‍ഷം വേഷം കെട്ടുമ്പോള്‍ ലഭിക്കുന്ന ദക്ഷിണ പേരാമ്പ്രയിലെ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബാലനെന്ന നിരാലംബനായ സഹോദരന് നല്‍കുമെന്നാണ് ഗോപി പറയുന്നത്.

ഒരോണമെങ്കിലും നമ്മളെപ്പോലെ ഇത്തരം ആളുകളും ഉണ്ണട്ടെയെന്ന് ഗോപി കുരിക്കള്‍ പറയുമ്പോള്‍ ഭാര്യ ദിയയും മകള്‍ ശ്രീലക്ഷ്മിയും ഈ നല്ല മനസ്സിന് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

#Onapottan is being prepared systematically without breaking the old customs in #malabar

Next TV

Related Stories
വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

Sep 5, 2024 07:24 PM

വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയോടെയാണ്...

Read More >>
ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

Aug 7, 2024 06:07 PM

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

ഗുഹന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നടന്ന മത്സരത്തില്‍ 262 രചനകളാണ് ജുറിക്ക് മുന്നില്‍ എത്തിയത്. അതില്‍ നിന്നാണ് ജനര്‍ദ്ദനന്‍ വെങ്ങപ്പറ്റയെ...

Read More >>
സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

Aug 7, 2024 04:56 PM

സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

ഇതിനിടയിലാണ് ഏവരുടേയും കരളലിയിപ്പിച്ച ദുരന്ത വാര്‍ത്തകള്‍ ഇവരും കേള്‍ക്കാനും കാണാനും ഇടയാകുന്നത്. തങ്ങളെപ്പോലെ സ്‌കൂളില്‍ പോയി പഠിക്കുകയും...

Read More >>
വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

Aug 2, 2024 05:18 PM

വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ വെള്ളവും ചെളിയും നിറഞ്ഞ് ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത സമയത്ത്...

Read More >>
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

Aug 2, 2024 04:09 PM

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ കൈമെയ്യ് മറന്ന് യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍. ദുരന്തമുണ്ടായ അന്ന് മുതല്‍ കേരളത്തിന്റെ...

Read More >>
പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

Aug 1, 2024 05:32 PM

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പ്രതികൂല കാലാവസ്ഥയെ പോലും അതിജീവിച്ച് പേരാമ്പ്രയിലെ രക്ഷാസംഘവും ഇറങ്ങി....

Read More >>
Top Stories










GCC News