പേരാമ്പ്ര: സഹോദരങ്ങളായ അഭയിന്റെയും വേദലക്ഷ്മിയുടേയും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിള്‍ എന്നത്. ഇതിനായി കിട്ടുന്ന നാണയതുട്ടുകള്‍ എല്ലാം സ്വരുക്കൂട്ടി വച്ചു. തങ്ങളുടെ പണക്കുടുക്കയുടെ ഭാരം കൂടുന്നതിനനുസരിച്ച് അവര്‍ തങ്ങളുടെ മോഹത്തിലേക്ക് അടുക്കുകയായിരുന്നു. ഇതിനിടയിലാണ് ഏവരുടേയും കരളലിയിപ്പിച്ച ദുരന്ത വാര്‍ത്തകള്‍ ഇവരും കേള്‍ക്കാനും കാണാനും ഇടയാകുന്നത്.
തങ്ങളെപ്പോലെ സ്‌കൂളില്‍ പോയി പഠിക്കുകയും കൂട്ടുടാരോടൊത്ത് കളിച്ചുല്ലസിക്കുകയും ചെയ്യേണ്ടിയിരുന്ന വയനാട്ടിലെ ദുരന്ത മുഖത്തെ കുട്ടികളുടെ ഇന്നത്തെ അവസ്ഥ ഇവരെ ദുഖാദ്രരാക്കി. അവരേയും അവരുടെ കുടുംബത്തേയും സഹായിക്കണമെന്ന ചിന്ത ഈ പിഞ്ചു മനസ്സുകളിലും ഉടലെടുത്തു. തങ്ങളുടെ ആഗ്രഹം വീട്ടുകാരെ അറിയിച്ചതോടെ മക്കളുടെ സത്പ്രവര്‍ത്തിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.
ഇതോടെ തങ്ങളുടെ മോഹസമ്പാദ്യമായ പണക്കുടുക്കയുമായി ഇവര്‍ സ്‌കൂളില്‍ എത്തുകയായിരുന്നു. പേരാമ്പ്ര എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വിദ്യാര്‍ത്ഥികളുടെ ആഗ്രഹം അറിഞ്ഞ അധ്യാപകരും പ്രോത്സാഹനവുമായെത്തി.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഭയ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വേദലക്ഷ്മി എന്നിവരാണ് സൈക്കിള്‍ വാങ്ങാന്‍ പണക്കുടുക്കയില്‍ സൂക്ഷിച്ച് വെച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായത്. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ പി.പി മധുവിന് തുക കൈമാറി. പള്ളിയത്ത് മലയില്‍ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് അഭയും വേദലക്ഷ്മിയും.
Students abhay and vedalakshmi donated their savings to buy a bicycle for the victims of Wayanad