കല്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയില്‍ കൈമെയ്യ് മറന്ന് യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍. ദുരന്തമുണ്ടായ അന്ന് മുതല്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും യൂണിറ്റി വളന്റിയര്‍മാര്‍ വയനാട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മേപ്പാടിയിലെ അബ്ദുല്‍ കലാം കമ്യൂണിറ്റി സെന്ററില്‍ ഒരുക്കിയ മൃതശരീരങ്ങള്‍ ക്ലീന്‍ ചെയ്യുന്ന കേന്ദ്രത്തില്‍, പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ടി മൃതദേഹങ്ങളിലെ ചളിമാറ്റി കഴുകിക്കൊടുക്കാന്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉറ്റവരുടെ ശരീരമന്വേഷിക്കുന്നവരുടെ മുമ്പില്‍ കഴുകി വൃത്തിയാക്കിയ മൃതദേഹങ്ങള്‍ കാണിക്കാന്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍, ആശുപത്രി സേവനങ്ങള്‍ ചെയ്യാന്‍, ആശുപത്രിയിലും ക്യാമ്പുകളിലും ഭക്ഷണവും വസ്ത്രവുമൊക്കെയായി ഇവര്‍ ഉണ്ടായിരുന്നു.
യൂണിറ്റിലെ സമര്‍പ്പിതരായ സ്ത്രീ-പുരുഷ അംഗങ്ങളാണ് മറ്റ് സാമൂഹ്യ പ്രവര്‍ത്തക സംഘടനകള്‍ക്കൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങളുമായി ദുരന്ത മുഖത്ത് ഉണ്ടായിരുന്നത്. ഇന്നലെ വരെ ഇവര്‍ 157 മൃതദേഹങ്ങളാണ് വൃത്തിയാക്കി ഉറ്റവരെതേടി കാത്തിരുന്നവര്‍ക്ക് മുന്നിലെത്തിച്ചത്. കെഎന്‍എം മര്‍കസ് ദാഅവ യുവജന വിഭാഗമായ ഐഎസ്എമ്മിന്റെ വൊളണ്ടിയര്‍ വിഭാഗമാണ് യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ്. വര്‍ഷങ്ങളായി പ്രവര്‍ത്തനമാരംഭിച്ച സംഘടന കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍ജിഒ രജിസ്‌ട്രേഷന്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. ജീവകാരുണ്യ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ഇന്ന് 2000 പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും 10000 അംഗങ്ങളുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും പ്രവര്‍ത്തിച്ചു വരുന്ന സംഘടനക്ക് മേഖലാ തലത്തില്‍ കമ്മിറ്റികളും വളന്റിയര്‍മാരുമുണ്ട്.
വിവിധ ജില്ലകളില്‍ നിന്നെത്തിയ വളന്റിയര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടിലെ ദുരന്ത ഭൂമിയിലും ക്യാമ്പുകളിലും ആശുപത്രികളിലും മറ്റുമായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്നലെ മുതല്‍ വയനാട് ജില്ലയിലുള്ള 114 പേര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമേ നിലമ്പൂരിലും പോത്തുകല്ലിലും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലും മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചിലിലും യൂണിറ്റി വളന്റിയര്‍മാരും സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
Unity Social Service Movement workers in disaster land in Wayanad