---
title: "കാണികളില്‍ വിസ്മയമൊരുക്കി ഘണ്ടാകര്‍ണ്ണന്‍ തിറ"
english_title: "Ghandakarna Thira amazed the audience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33468/ghandakarna-thira-amazed-the-audience"
published_at: "2022-03-23T15:25:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623aef1a01c92_0000 WATER MARK.JPG"
keywords: []
---

# കാണികളില്‍ വിസ്മയമൊരുക്കി ഘണ്ടാകര്‍ണ്ണന്‍ തിറ

> **Lead Summary:** **പേരാമ്പ്ര**: മരുതേരി പാലാഴി മഠം ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് കെട്ടിയാടിയ ഖണ്ഡാകര്‍ണ്ണന്‍ തിറ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി.

## Article Content

**പേരാമ്പ്ര**: മരുതേരി പാലാഴി മഠം ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് കെട്ടിയാടിയ ഖണ്ഡാകര്‍ണ്ണന്‍ തിറ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി.

മുഖത്തെഴുത്ത് നടത്തി ചമയങ്ങളണിഞ്ഞ് കുരുത്തോലയില്‍ത്തീര്‍ത്ത വലിയ മുടി തലയില്‍ വെച്ച് അരയ്ക്ക് ചുറ്റും കത്തിച്ച 16 വലിയ പന്തങ്ങളുമായി കെട്ടിയാടിയ ഘണ്ടാകര്‍ണ്ണന്‍ തിറയാണ് കാണികളില്‍ വിസ്മ കാഴ്ചയൊരുക്കിയത്.

ആളിക്കത്തുന്ന പന്തങ്ങളുമായി ഏറെ നേരം കെട്ടിയാടുന്ന തിറ വ്രതശുദ്ധിയോടും വളരെ കരുതലോടെയുമാണ് കോലാ ധാരികള്‍ കെട്ടിയാടാറ്.

ദാരുകന്‍ എന്ന അസുരന്‍ ത്രിലോകങ്ങളെയും നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവനെ നശിപ്പിക്കുന്നതിനായി ഭദ്രകാളി ശിവന്റെ മൂന്നാമത്തെ കണ്ണില്‍നിന്നുണ്ടായി. അവര്‍ പോയി ദാരുകനുമായി യുദ്ധം ചെയ്ത് അവനെ ജയിച്ചു. അവന്റെ തലയും വെട്ടി എടുത്തു കൊണ്ടു കൈലാസത്തിലേക്കു തിരിച്ചു.

ഇതിനിടയ്ക്ക് ഭര്‍ത്തൃമരണത്താല്‍ ദു:ഖിതയും മയപുത്രിയും ആയ ദാരുകപത്‌നി മനോദരി കൈലാസത്തിലെത്തി ശിവനെ പ്രസാദിപ്പിച്ച് അദ്ദേഹം സ്വന്തം ദേഹത്തു നിന്നു വടിച്ചെടുത്തു കൊടുത്ത വിയര്‍പ്പുതുള്ളികളുമായി തിരിച്ചു വരും വഴിക്ക്, കാളി ഭര്‍ത്തൃ ശിരസ്സുമായി എതിരെ വരുന്നതു കണ്ടു കുപിതയായി ആ വിയര്‍പ്പുതുള്ളി കാളിയുടെ മുഖത്തു തളിച്ചു.

ആ വിയര്‍പ്പുതുള്ളി വസൂരി ബീജങ്ങളായിരുന്നതു കൊണ്ട് കാളി വസൂരി ബാധിതയായി നിലംപതിച്ചു. ഇതറിഞ്ഞ ശിവന്‍ തന്റെ കര്‍ണ്ണമലം കൊണ്ട് ഘണ്ടാകര്‍ണ്ണനെ സൃഷ്ടിച്ച് കാളിയുടെ അടുക്കലേക്കയച്ചു. ഘണ്ടാകര്‍ണ്ണന്‍ കാളിയുടെ അടുക്കലെത്തി അവളുടെ ശരീരത്തിലുണ്ടായിരുന്ന വസൂരി മുഴുവന്‍ നക്കി എടുത്തു കളഞ്ഞു. സഹോദരിയായതുകൊണ്ട് മുഖത്തെ കുരുക്കള്‍ നക്കിയെടുക്കാന്‍ അവള്‍ അനുവദിച്ചില്ല. തന്മൂലം അവ ഇന്നും കാളിയുടെ മുഖത്തു വസൂരിക്കലകളായി പരിശേഷിക്കുന്നു.

വസൂരി ബീജങ്ങള്‍ ആരുടെ ദേഹത്തു തളിക്കുന്നുവോ ആ ആള്‍ വേണ്ടതെല്ലാം നിനക്കു തരും എന്നായിരുന്നു ശിവന്‍ വിയര്‍പ്പു തുള്ളികള്‍ നല്‍കിയിട്ടു മനോദരിയോടു പറഞ്ഞിരുന്നത്. അന്നു മുതല്‍ മനോദരി വസൂരി ദേവിയായിത്തീര്‍ന്നു. അങ്ങനെയാണ് ഘണ്ടാകര്‍ണ്ണനെ വസൂരിനാശകനായി സങ്കല്പിച്ച് ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചാരാധിച്ചു പോരുന്നത്.

കാണികളില്‍ വിസ്മയം ജനിപ്പിച്ച ഘണ്ടാകര്‍ണ്ണന്റെ തിറ പുലര്‍ച്ചെ മരുതേരി പാലാഴി മഠം ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടിയത് ചെരണ്ടത്തൂരിലെ ബിജു ആണ്ടവനായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33468/ghandakarna-thira-amazed-the-audience)