പേരാമ്പ്ര : എരവട്ടൂര്‍ ചാനിയംകടവ് റോഡില്‍ വാഹനമിടിച്ചു പരിക്കേറ്റ പേരാമ്പ്രയിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന് കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് ജി.എസ് നിവേദ് (നന്ദു.22) മരണപ്പെട്ട സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ഡിവൈഎഫ്ഐ പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റി പോലീസ് അധികാരികളേട് ആവശ്യപ്പെട്ടു.
ഈ കഴിഞ്ഞ 21ന് രാത്രി 9 മണിയോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത്.
പേരാമ്പ്രയില്‍ നിന്നും ജോലി കഴിഞ്ഞ് ബൈക്ക് യാത്രയിലായിരുന്ന നിവേദിനെയും, കാല്‍നടക്കാരനായ ഗായകന് എരവട്ടൂരിലെ മൊയ്തിനേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിവേദിനെയും, കാലിന് പരിക്കേറ്റ മൊയ്തിയേയും രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നീട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വെള്ള/സില്‍വര്‍ കളര്‍ മാരുതി 800 കാര്‍ ആണെന്നാണ് സൂചന.
വാഹനം ഇടിക്കുന്നത് മനപ്പൂര്‍വമായിരിക്കില്ല എന്നാല്‍ മനുഷ്യത്വമില്ലാതെ നിര്‍ത്താതെ പോകുന്നത് അപലപനീയമാണ്.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും, നാളെകളില്‍ സമൂഹത്തില്‍ ഇത്തരം മനുഷ്യത്വമില്ലാത്ത പ്രവണതകള്‍ ഇല്ലാതാക്കും രൂപത്തിലുള്ള നിയമനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Accidental death should catch the culprits; DYFI