പേരാമ്പ്ര : ഓട്ടുവയല്‍-കാരയില്‍ നട-കുറൂരക്കടവിലേക്കുള്ള കനാല്‍ റോഡ് നിര്‍മ്മിക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 8, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസം റവന്യൂ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ഈ സ്ഥലത്ത് കനാല്‍ വെള്ളമെത്താത്തതിനെ തുടര്‍ന്ന് നികന്ന് ചെമ്മണ്‍ റോഡ് ആവുകയായിരുന്നു.
ഇതില്‍ കനാലിനുള്ള ശേഷിച്ച സ്ഥലത്ത് കൂടി റോഡ് നിര്‍മ്മിക്കുന്നതാണ് പരിഗണിക്കുന്നത്. കേരള സര്‍ക്കാറിന്റെ ഡിജിറ്റല്‍ സര്‍വേ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന വില്ലേജുകളില്‍ ഒന്നാണ് ചെറുവണ്ണൂര്‍. അതിനൊപ്പം കനാല്‍ സ്ഥലത്തിന്റെ സര്‍വ്വയും നടത്താനാണ് തീരുമാനമെന്ന് പഞ്ചായത്തംഗം കെ.എം. ഉമ്മര്‍ പറഞ്ഞു.
മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ വിശദമായ സര്‍വ്വേ നടക്കും. നല്ല റോഡ് ഇല്ലാത്തതിനാല്‍ പാതയുടെ പരിസരത്ത് താമസിക്കുന്ന 250 ഓളം കുടുംബങ്ങള്‍ ഏറെക്കാലമായി യാത്ര ദുരിതം നേരിടുകയാണ്.
മഴക്കാലത്ത് റോഡ് ചെളികുളമാകുന്നതോടെ യാത്ര ദുസഹരമാണ്. ആവള പാണ്ടിയുടെ സമീപത്തോടെ കടന്നു പോകുന്ന പുതിയ റോഡ് വന്നാല്‍ നെല്‍പ്പാടത്ത് കൃഷി ചെയ്യുന്നവര്‍ക്കും സഹായകമാകും.
ജലസേചന വകുപ്പിന്റെ അതീനതയിലുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറിയാല്‍ മാത്രമേ റോഡിന്റെ തുടര്‍ നടപടികള്‍ നടത്താനാവുകയുള്ളൂ.
ഏകദേശം രണ്ടു കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന റോഡ് നിര്‍മ്മിക്കുന്നതിനായി കമ്മിറ്റി ഉണ്ടാക്കി നേരത്തെ തന്നെ നാട്ടുകാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച രംഗത്തെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി.
പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ഷിജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആര്‍.പി. ശോഭിഷ്, എ.കെ ഉമ്മര്‍, ഗുണഭോക്താക്കളും കമ്മറ്റി കണ്‍വീനര്‍ കെ.ടി അസിസ് എന്നിവരും ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Ottuvyal-Karayil Nada-Kururakadav canal road initial works started at cheruvannur