പാളയില്‍ കമനീയ വിസ്മയ പൂക്കളൊരുക്കി കൈപ്രത്തെ ശാന്തി

By | Tuesday February 4th, 2020

SHARE NEWS

പേരാമ്പ്ര : നാട്ടിന്‍ പുറങ്ങളിലെ കവുങ്ങിന്‍ തോട്ടങ്ങളില്‍ അഴുകി മണ്ണാവുന്ന പാളയില്‍ കമനീയ കരകൗശലങ്ങള്‍ നിര്‍മ്മിച്ച് പേരാമ്പ്ര കല്ലോട് കൈപ്രത്തെ തെക്കേട്ടില്‍ മീത്തല്‍ ശാന്തി വിസ്മയമാവുന്നു. കഴിഞ്ഞ 20 വര്‍ഷക്കാലമായി തുണിയും പേപ്പറും ഉപയോഗിച്ച് മേറ്റും പൂക്കളും നിര്‍മ്മിച്ച് വരുന്ന ഇവര്‍ അടുത്ത കാലത്താണ് പാളയിലേക്ക് ശ്രദ്ധചെലുത്തിയത്.

പാഴ്‌വസ്തുക്കള്‍ മാലിന്യ കൂമ്പാരമാവുന്ന ഇക്കാലത്ത് ഇവരുടെ പ്രവര്‍ത്തനം രണ്ടുതരത്തില്‍ സമൂഹത്തിന് ഗുണകരമാവുകയാണ്. ടൈലറിംഗ് ഷോപ്പുകളില്‍ ബാക്കി വരുന്ന തുണിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വിവിധ ആകൃതിയിലും ഡിസൈനിലും ചവിട്ടികള്‍ നിര്‍മ്മിച്ചാണ് ഈ രംഗത്തേക്ക് കടന്ന് വന്നത്. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ തോന്നിയതാണ് ചവിട്ടി നിര്‍മ്മാണവും പൂ നിര്‍മ്മാണവുമെല്ലാം. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് ഇവര്‍ നിര്‍മ്മിച്ച ചവിട്ടി വില്പനക്കായി കൊണ്ടുപോവുന്നു. പേരാമ്പ്രയിലെ പ്രമുഖ വസ്ത്ര നിര്‍മ്മാണ യൂണിറ്റാണ് ഇവര്‍ക്ക് ആവശ്യമായ പാഴ്തുണികള്‍ എത്തിച്ചുകൊടുക്കുന്നത്.

ചവിട്ടിയില്‍ നിന്നും ക്രമേണ പൂക്കളിലേക്കും ശ്രദ്ധതിരിച്ചു. ആദ്യമൊക്കെ പ്ലാസ്റ്റിക് പേപ്പറുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണമെങ്കിലും പിന്നീട് പേപ്പറുകളിലേക്കും തുണിയിലേക്കും മാറി. പ്ലാസ്റ്റിക്ക് നിരോധനം വന്നതോടെ ഇത്തരം ഉല്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായി. ഇതിനിടയലാണ് പറമ്പുകളില്‍ വീണുകിടക്കുന്ന പാളയെയും തന്റെ കരവിരുതിന്റെ വരുതിയിലേക്ക് കൊണ്ടുവന്നത്. ഇങ്ങനെ നിര്‍മ്മിച്ച പൂക്കള്‍ കണ്ടാല്‍ പാളയാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.

പാഴ്‌വസ്തുക്കളെയെല്ലാം തന്റെ കലാപ്രകടനത്തിന് ഉപയോഗിക്കുന്ന ശാന്തി അടക്കാ തോലില്‍ പൂക്കള്‍ നിര്‍മ്മിക്കുന്ന പരീക്ഷണത്തിലാണ്. ഉണക്ക അടക്കയുടെ തൊലി ഉപയോഗിച്ച് പൂക്കള്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മുംബൈയില്‍ ജനിച്ച ശാന്തി പിതാവായ ശ്രീധരന്റെ മരണശേഷം അമ്മ ജാനകിക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം കണ്ണൂര്‍ താഴെ ചൊവ്വ കോയ്യോട്ടെ തറവാടിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിവാഹ ശേഷമാണ് പാഴ്‌വസ്തു നിര്‍മ്മാണ രംഗത്തേക്ക് ശ്രദ്ധവെച്ചതെന്ന് ശാന്തി പറഞ്ഞു. ഗായകന്‍ കൂടിയായ ഭര്‍ത്താവ് ടി.എം. മോഹനനും മക്കളായ അശ്വന്തും സായന്തും ശാന്തിക്ക് പൂര്‍ണ്ണ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read